07 November 2009

പറുദീസാ നഷ്ടം (ഒരു ചരമക്കുറിപ്പ്)

ഒടുവിൽ അത് ഓർമയാവുകയാണ്. ഊരള്ളൂർക്കാരുടെ ഗൃഹാതുരതകളുടെ ഈ നടവഴി പുത്തൻ കാലത്തിന്റെ വികസന സ്വപ്നങ്ങൾക്കായി ചരമമടയുകയാണ്. വികസനം സ്വപനങ്ങൾക്കുമീതെ കറുത്ത കരിമ്പടം വിരിക്കുമ്പോൾ നഷ്ടമാവുന്നത് ചില ഓർമകളാണ്. ഇത് ഈ വഴിയുടെ കഴിഞ്ഞ മഴക്കാലത്തെ ചിത്രമാണ്. ഓരോ മഴസീസണിലും ചുരുങ്ങിയത് രണ്ടു പ്രവശ്യമെങ്കിലും ഈ വഴി നിറയാറുണ്ട്. പിന്നെ സകല വാഹന ഗതാഗതവും നിലക്കും. ഊരള്ളുർ ഒരു പരിധി വരെ ഒറ്റപ്പെടും. എന്നെപ്പൊലുള്ള സ്വപ്നജീവികളുടെ സ്വന്തമാണത്. മനസിലും, മാനത്തും, അകത്തും പുറത്തും വെള്ളം നിറയുന്ന ആ പകലുകൾ ഇനി ഒരു മരീചികയാവൻ പോവുകയാണ്. സ്വപ്നജീവിയായ് വെള്ളത്തിലൂടെ നടക്കാനുള്ള യോഗം ഇവിടെ അവസാനിക്കുകയാണ്. പതഞ്ഞൊഴുകുന്ന വെള്ളത്തിലൂടെ നീന്തിത്തുടിച്ച ബാല്യ കൌമാങ്ങൾ ഇനി ഓർമ്മകൾക്കപ്പുറത്തുമാത്രം നിത്യ ഹരിതമായ് നിൽക്കട്ടെ.
മണ്ണിട്ടുയര്‍ത്തുന്ന പ്രവര്‍ത്തി പുരോഗമിക്കുന്നു
പുത്തൻ നേട്ടങ്ങൾക്കു നേരെ കണ്ണു തിരിക്കുന്ന അഭിനവ വികസന വിരോധിയുടെ വെറൂം ജൽ‌പ്പനങ്ങളല്ല ഇത്. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഓരൊ ഗൃഹാതുര ചിഹ്നങ്ങളെയും നെഞ്ചിടിപ്പൊടെ കണ്ടുനിൽക്കേണ്ടി വരുന്ന ഒരു തനി പച്ചയായ നാട്ടിൻ പുറത്തുകാരന്റെ വിലാപങ്ങൾ മാത്രമാണിത്.

20 June 2009

ഊരള്ളൂരിന്റെ വിനോദം

   സത്യം പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നെനിക്കറിയില്ല.

   ഊരള്ളൂരിലെ പുതിയ തലമുറ എവിടെയെങ്കിലും പോയി ക്രിക്കറ്റോ, ഫുട്ബോളൊ, വോളീബോളോ അതുപോലുള്ള മറ്റ് കായിക വിനോദങ്ങളിലോ ഏർപ്പെടുന്നത് നിങ്ങൾക്കു കാണാൻ കഴിയില്ല. ഒരു കാലത്ത് ഊരള്ളൂരിന്റെ സ്വന്തം യൂപി സ്കൂളിന്റെ പിന്നിലുള്ള കളിവയലിൽ ഇത്തരം കളികൾ നടന്നൊരോർമ്മ എനിക്കുണ്ട്, പിന്നെ എല്ലാം കാലക്രമത്തിൽ അപ്രത്യക്ഷമായി. അറിയാതെയാണെങ്കിലും ഞങ്ങളും കുട്ടികളെ നഗരത്തിലെ അമൂൽ ബേബികളെ പോലെ, കൊയിലാണ്ടിയിലും നടുവണ്ണൂരിലും മറ്റുമുള്ള ഹൈ സ്റ്റാൻഡേർഡ് വിദ്യാലയങ്ങളിൽ അയച്ചു പഠിപ്പിക്കാൻ തുടങ്ങി. പിന്നെ പിന്നെ സമീപസ്കൂളുകളും മാർക്കറ്റ് പിടിക്കാൻ സ്വന്തം വാഹനങ്ങളുമായി ഞങ്ങളുടെ വീട്ടുപടിക്കൽ കാവൽ തുടങ്ങി. അങ്ങനെ ഇന്നത്തെ ഊരള്ളൂർ കുട്ടികൾ വീട്ടുമുറ്റത്തു നിന്നും ബസ്സുകയറി, വീട്ടുമുറ്റത്ത് തിരിച്ചിറങ്ങാൻ ശീലിച്ചു. ചെറുപ്പത്തിലെ തടിവെച്ച് താടതൂങ്ങി ഞങ്ങളുടെ കുട്ടികളും ഭാവിയെക്കുറിച്ച് ഉൽക്കണ്ഠ വളത്തി വളർന്നു, അല്ലാതെ തൊടിയിലിറങ്ങി ക്രിക്കറ്റുകളിച്ചും മാങ്ങപെറുക്കിയും ആരും സമയം പോക്കിയില്ല.

   അപ്പം പറഞ്ഞു വന്ന കാര്യം മറന്നു. നിങ്ങൾ ഊരള്ളൂർ അങ്ങാടിയിലേക്കുവരൂ ഇവിടെ നിങ്ങളുടെ കണ്ണുകൾക്ക് വിശ്വസിക്കാനാവാത്ത ഒരു കാഴ്ച കാണാൻ കഴിയും. ആളൊഴിഞ്ഞ പീടികക്കോലായിലും, വയൽക്കരയിലും, ഓവുപാലത്തിന്റെ മുകളിലും മറ്റും രണ്ടാൾക്കാർ മുഖത്ത് നോക്കാതെ അഭിമുഖമായിരിക്കുന്നതുകാണാം. ഒന്നൂടെ സൂക്ഷിച്ചു നോക്കിയാൽ അവരുടെ ഇടയിൽ ഒരു ചെസ്സ് ബോർഡും കാണാം, സത്യം!. ഇവിടെത്തെ സ്കൂൾ അധ്യാപകർ മുതൽ, ഒരു പണിക്കും പോവാതെ നാട്ടുകാർക്കു പണിയുണ്ടാക്കുന്നവർ വരെ ഇങ്ങനെ പരസ്പരം പടവെട്ടി മണിക്കൂറുകൾ തള്ളിനീക്കും. ഇത്രക്കും ബുദ്ധിയുള്ള ഒരു ജനത ഭൂമി മലയാളത്തിൽ വേറെയുണ്ടൊ ആവോ? ഇത്രയൊക്കെ ആയിട്ടൂം ഊരള്ളൂരിൽ നിന്നും ഒരു വിശ്വനാഥൻ ആനന്ദ് ഉയർന്നു വരാത്തത് സങ്കടം തന്നെ.

   ഇനി ഊരള്ളൂർ അങ്ങാടി വിട്ട് നിങ്ങൾ ചില ഊടുവഴികൾ കയറി പ്രത്യേക സ്ഥലങ്ങളിൽ ചെന്നാൽ മറ്റൊരു വിനോദം തകർക്കുന്നത് കാണാം. ചിറോൽ റോഡിന്റെ സമാന്തരമായുള്ള നടവഴിയിലും, ഇപ്പുറത്ത് വെളിയണ്ണൂർ ട്രൻസ്ഫോർമറിന്റെ സമീപത്തായും, കോട്ടുകുന്നു കയറി ആവഴിപോകുന്ന ഹെവി കറന്റ് ലൈനിന്റെ ചുവട്ടിലും മറ്റും ഒരു കൂട്ടം ആൾക്കാർ, ചുറ്റുപാടുമുള്ളതിനെയൊക്കെ സസൂക്ഷ്മം നിരീക്ഷിച്ചു വട്ടത്തിലിരിക്കുന്നതുകാണാം. പരിചയമില്ലാത്ത ആരെങ്കിലും ആ പരിസരത്തൂടെ പോയാൽ ആകെപ്പാടെ അസ്വസ്തരാകുന്ന ഇവർ പണം വെച്ച് ചീട്ടുകളിക്കയാണെന്നൊന്നും ഞാൻ പറയില്ല, കാരണം അതിന്റെ നാണക്കേട് എനിക്കു കൂടെയാണല്ലൊ. ഇത്രയേറെ, സുക്ഷ്മതയോടേ ആത്മാർഥതയോടെ ഈ വിനോദത്തിലേർപ്പെടുന്നവർ ജീവിതത്തിൽ മറ്റെന്തെങ്കിലും ജോലി ചെയ്തിട്ടുണ്ടോ എന്ന് സംശയമാണ്.

   ഊരള്ളൂരിന്റെ ഒരു ദേശീയ കായിക വിനോദമായി ഇതിലേതെങ്കിലും ഒന്നു തിരഞ്ഞെടുക്കേണ്ടിവരും. ഒരു രഹസ്യ ബാലറ്റ് വഴി തിരഞ്ഞെടുപ്പ് നടത്തിയാൽ രണ്ടാമത് പറഞ്ഞത് വൻ ഭൂരിപക്ഷത്തിൽ ഒന്നാം സ്ഥാനത്തെത്തും, ഉറപ്പ്.

24 January 2009

മാത്യൂ ടി തോമസ്സൂം ഉമ്മർക്കയും

   മാത്യൂ ടി തോമസ്‌ ഊരള്ളൂരിൽ വന്നത്‌ ഇക്കഴിഞ്ഞ നാലാം തീയ്യതിയാ‍ണ്. ഈ മന്ത്രി സഭയിലെ മറ്റാരോടും എനിക്കില്ലാത്ത ബഹുമാനം ട്രാൻസ്പോർട്ട്‌ വകുപ്പു മന്ത്രിയോടുള്ളതിനാലാണ് അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ഊരള്ളൂരിലേക്കിറങ്ങിയത്‌. ഇതിനുള്ള കാരണങ്ങൾ പലതാണ്, ഒരു വകുപ്പിനെ കാര്യക്ഷമമായി, ഉദ്യോഗസ്ഥരെ തെറിവിളിക്കാതെ എങ്ങിനെ കൊണ്ടു നടക്കാം എന്ന് മറ്റ്‌ കമ്മ്യൂണിസ്റ്റ്‌ മന്ത്രിമാർക്ക്‌ കാണിച്ചുകൊടുത്തതാണ് ഒരു കാര്യം. മറ്റൊന്ന് ഞങ്ങളുടെ കോഴിക്കോട്‌ കണ്ണൂർ റൂട്ടിൽ തലങ്ങും വിലങ്ങും "മലബാർ" സർവീസ്സിട്ട്‌, സ്വകാര്യ ബസ്സിലെ ജീവനക്കാരുടെ, ഞങ്ങളെ എൻ എച്‌ 17ൽ ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സോടിക്കാൻ ദൈവം നേരിട്ട്‌ സൃഷ്ടിച്ചതാണെന്ന അഹങ്കാരം തീർത്തുകൊടുത്തതിനാലാണ്. ഇതിനും പുറമെ യുഡിഎഫിന്റെ അധികാരകാലത്താണ് ഈ പരിപാടി നടത്തിയിരുന്നതെങ്കിൽ, സ്വകാര്യ ബസ്സ്‌വ്യവസായത്തിന്റെ വയറ്റത്തടിച്ചു എന്നു പറഞ്ഞ്‌ കുറച്ച്‌ കാലത്തേക്ക്‌ പന്തംങ്കൊളുത്തി പ്രകടനവും, പത്തിരുപത്‌ കെഎസ്‌അർടിസി ബസ്സിന്റെ ചില്ലെറിഞ്ഞു പോട്ടിക്കാനുമുള്ള പണി കിട്ടുമായിരുന്ന സകല ഇടതുപക്ഷ യുവജന സംഘടനകൾക്കും ഒരു പണികൊടുത്തതിനാലുമാണ്.

   ഊരള്ളൂർ ഒരു ചെറിയ ഗ്രാമമാണെങ്കിലും, ഇവിടെ വേരില്ലാത്ത രാഷ്ട്രീയ പാർട്ടികളില്ല, അതിനാൽ തന്നെ ഇവിടെ വരാത്ത രാഷ്ട്രീയ നേതാക്കളും ഭരാധിപന്മാരും വിരളമാണ്. ഈ വസ്തുത സാധൂകരിക്കുന്നതാണ് ഇവിടത്തെ ജനതാദൾ എന്ന പാർട്ടിയുടെ ശക്തമായസന്നിധ്യം. കേരളത്തിൽ തന്നെ വളരെ ചെറിയ ചെറിയ പോക്കറ്റുകളിൽ മാത്രം സ്വാധീനമുള്ള ഈ പാർട്ടിക്ക്‌ ഊരള്ളൂരിൽ ശക്തമായ വേരുകളാണുള്ളത്‌. അതുകോണ്ടാണ് പേരാമ്പ്ര പോലുള്ള വലിയ നിയോജക മണ്ടലത്തിലെ തിരഞ്ഞെടുപ്പുമുന്നിൽ കണ്ടുള്ള സമ്മേളനം ഊരള്ളൂരിൽ നടത്താനായതും, അതിന്റെ ഉദ്ഘാടകനായി മന്ത്രിതന്നെ കുണ്ടും കുഴിയും നിറഞ്ഞറോട്ടിലൂടെ ഊരള്ളൂരിലെത്തിയതും.

   സൗമ്യനായ മന്ത്രിയുടെ അഹങ്കാരം സ്ഫുരിക്കാത്തപ്രസംഗം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോളാണ്, തൊട്ടുമുന്നിൽ വന്ന് ഉമ്മർക്ക എന്നെ പേടിപ്പിച്ചത്‌.
   "അല്ല ഇങ്ങക്ക്‌ മീമ്മേണ്ടെ?, ആരെക്കാത്തുക്കാ, ഇപ്പക്കയ്യുട്ടോ."

   മീൻ വാങ്ങാനുള്ള ഉദ്ദേശ്യം ഇല്ലാത്തതിനാലും, പോക്കറ്റിൽ കാര്യമായ്‌ ഒന്നും ഇല്ലാത്തതിനാലും ഞാൻ എന്റെ ഉത്തരം ചിരിയിലൊതുക്കി. ഉമ്മർക്ക എന്നെ കാത്തുനിൽക്കാതെ അടുത്തയാളെ തേടിപ്പിടിച്ച്‌ നടപ്പായി.
   ഈ ഉമ്മർക്ക ഞങ്ങളുടെ ഊരള്ളൂർ അങ്ങാടിയിലെ സ്ഥിരം മീൻ വിൽപ്പനക്കാരനാണ്, എത്‌ മഴയത്തും, വെയിലത്തും മുറതെറ്റാതെ കൊയിലാണ്ടിയിൽ നിന്നും മീനുമായെത്തി ഞങ്ങൾക്ക്‌ മീൻ വിൽക്കുന്നയാൾ.
   പ്രസംഗത്തിൽ നിന്നുമുള്ള എന്റെ ശ്രദ്ധ പാടെ ഉമ്മർക്കയിലേക്കുമാറി, അദ്ദേഹം ഓരോരോ ഇരകളെയായി കൊത്തിക്കോണ്ടുവരുന്നതും, അവരെ ശാസിച്ചും, കളിപറഞ്ഞും മീൻവാങ്ങിപ്പിക്കുന്നതും ഞാൻ ജീവിതത്തിലാദ്യമായി കാണുന്നതുപോലെ നോക്കിനിന്നു. ഒരിക്കൽ പോലും മന്ത്രിയുടെ നേരെ നോക്കാൻ പോലും ഉമ്മർക്ക തയ്യാറയിരുന്നില്ല, "ഞമ്മളിതെത്ര കണ്ടതാ"ണെന്ന ഭാവം. മന്ത്രിയുടെ പ്രസംഗവും ഉമ്മാർക്കായുടെ മീൻ ബക്കറ്റ്‌ കാലിയായതും ഏതാണ്ടൊരേ സമയത്തായിരുന്നു.
   തിരിച്ചുനടക്കുമ്പോൾ ഞാൻ വല്ലാതെ ആവേശത്തിലായിരുന്നു, അധികാരത്തിന്റെ ഉന്നതിയിലിരിക്കുന്ന മന്ത്രിയും, തോട്ടടുത്ത്‌ മീൻവിൽക്കുന്ന സാധാരണക്കാരനും, ആരും ആരെയും ശല്യപ്പെടുത്താതെ അവരവരുടെ ജോലിചൈത്‌ മടങ്ങുന്നു. മറ്റേതെങ്കിലും രാജ്യത്തായിരുന്നു ഈ സംഭവമെങ്കിൽ, ഉമ്മർക്കയെ ദൂരേക്കുമാറ്റിനിർത്താൻ അധികാരവർഗ്ഗത്തിന്റെ പിണിയാളുകളും, സെക്ക്യൂരിറ്റി ഉദ്യോഗസ്ഥരും ശ്രമിക്കില്ലേ എന്നൊരു സംശയം ഒരുനിമിഷം എന്നിൽ ഉണർന്നു. ഉന്നതമായ ജനാധിപത്യത്തിന്റെ മൂല്യം മന്ത്രിയും ഉമ്മർക്കയും ഒരുമിച്ചുൾക്കോള്ളുന്നതിനാൽ ഇവിടെ അത്തരത്തിലുള്ള യാതൊരു പ്രശ്നങ്ങളും ഉണ്ടായില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, അഴിമതിക്കറപുരണ്ട നേതാക്കൻ മാർ അധികാരക്കസേര വിടാൻ മടിച്ചുനിന്നാലും ഊരള്ളൂരിലെ ഈ പാരസ്പര്യം ജനാധിപത്യ ഭാരതത്തിന്റെ യഥാർത്ഥ പരിഛേദമാണ്.