24 January 2009

മാത്യൂ ടി തോമസ്സൂം ഉമ്മർക്കയും

   മാത്യൂ ടി തോമസ്‌ ഊരള്ളൂരിൽ വന്നത്‌ ഇക്കഴിഞ്ഞ നാലാം തീയ്യതിയാ‍ണ്. ഈ മന്ത്രി സഭയിലെ മറ്റാരോടും എനിക്കില്ലാത്ത ബഹുമാനം ട്രാൻസ്പോർട്ട്‌ വകുപ്പു മന്ത്രിയോടുള്ളതിനാലാണ് അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ഊരള്ളൂരിലേക്കിറങ്ങിയത്‌. ഇതിനുള്ള കാരണങ്ങൾ പലതാണ്, ഒരു വകുപ്പിനെ കാര്യക്ഷമമായി, ഉദ്യോഗസ്ഥരെ തെറിവിളിക്കാതെ എങ്ങിനെ കൊണ്ടു നടക്കാം എന്ന് മറ്റ്‌ കമ്മ്യൂണിസ്റ്റ്‌ മന്ത്രിമാർക്ക്‌ കാണിച്ചുകൊടുത്തതാണ് ഒരു കാര്യം. മറ്റൊന്ന് ഞങ്ങളുടെ കോഴിക്കോട്‌ കണ്ണൂർ റൂട്ടിൽ തലങ്ങും വിലങ്ങും "മലബാർ" സർവീസ്സിട്ട്‌, സ്വകാര്യ ബസ്സിലെ ജീവനക്കാരുടെ, ഞങ്ങളെ എൻ എച്‌ 17ൽ ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സോടിക്കാൻ ദൈവം നേരിട്ട്‌ സൃഷ്ടിച്ചതാണെന്ന അഹങ്കാരം തീർത്തുകൊടുത്തതിനാലാണ്. ഇതിനും പുറമെ യുഡിഎഫിന്റെ അധികാരകാലത്താണ് ഈ പരിപാടി നടത്തിയിരുന്നതെങ്കിൽ, സ്വകാര്യ ബസ്സ്‌വ്യവസായത്തിന്റെ വയറ്റത്തടിച്ചു എന്നു പറഞ്ഞ്‌ കുറച്ച്‌ കാലത്തേക്ക്‌ പന്തംങ്കൊളുത്തി പ്രകടനവും, പത്തിരുപത്‌ കെഎസ്‌അർടിസി ബസ്സിന്റെ ചില്ലെറിഞ്ഞു പോട്ടിക്കാനുമുള്ള പണി കിട്ടുമായിരുന്ന സകല ഇടതുപക്ഷ യുവജന സംഘടനകൾക്കും ഒരു പണികൊടുത്തതിനാലുമാണ്.

   ഊരള്ളൂർ ഒരു ചെറിയ ഗ്രാമമാണെങ്കിലും, ഇവിടെ വേരില്ലാത്ത രാഷ്ട്രീയ പാർട്ടികളില്ല, അതിനാൽ തന്നെ ഇവിടെ വരാത്ത രാഷ്ട്രീയ നേതാക്കളും ഭരാധിപന്മാരും വിരളമാണ്. ഈ വസ്തുത സാധൂകരിക്കുന്നതാണ് ഇവിടത്തെ ജനതാദൾ എന്ന പാർട്ടിയുടെ ശക്തമായസന്നിധ്യം. കേരളത്തിൽ തന്നെ വളരെ ചെറിയ ചെറിയ പോക്കറ്റുകളിൽ മാത്രം സ്വാധീനമുള്ള ഈ പാർട്ടിക്ക്‌ ഊരള്ളൂരിൽ ശക്തമായ വേരുകളാണുള്ളത്‌. അതുകോണ്ടാണ് പേരാമ്പ്ര പോലുള്ള വലിയ നിയോജക മണ്ടലത്തിലെ തിരഞ്ഞെടുപ്പുമുന്നിൽ കണ്ടുള്ള സമ്മേളനം ഊരള്ളൂരിൽ നടത്താനായതും, അതിന്റെ ഉദ്ഘാടകനായി മന്ത്രിതന്നെ കുണ്ടും കുഴിയും നിറഞ്ഞറോട്ടിലൂടെ ഊരള്ളൂരിലെത്തിയതും.

   സൗമ്യനായ മന്ത്രിയുടെ അഹങ്കാരം സ്ഫുരിക്കാത്തപ്രസംഗം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോളാണ്, തൊട്ടുമുന്നിൽ വന്ന് ഉമ്മർക്ക എന്നെ പേടിപ്പിച്ചത്‌.
   "അല്ല ഇങ്ങക്ക്‌ മീമ്മേണ്ടെ?, ആരെക്കാത്തുക്കാ, ഇപ്പക്കയ്യുട്ടോ."

   മീൻ വാങ്ങാനുള്ള ഉദ്ദേശ്യം ഇല്ലാത്തതിനാലും, പോക്കറ്റിൽ കാര്യമായ്‌ ഒന്നും ഇല്ലാത്തതിനാലും ഞാൻ എന്റെ ഉത്തരം ചിരിയിലൊതുക്കി. ഉമ്മർക്ക എന്നെ കാത്തുനിൽക്കാതെ അടുത്തയാളെ തേടിപ്പിടിച്ച്‌ നടപ്പായി.
   ഈ ഉമ്മർക്ക ഞങ്ങളുടെ ഊരള്ളൂർ അങ്ങാടിയിലെ സ്ഥിരം മീൻ വിൽപ്പനക്കാരനാണ്, എത്‌ മഴയത്തും, വെയിലത്തും മുറതെറ്റാതെ കൊയിലാണ്ടിയിൽ നിന്നും മീനുമായെത്തി ഞങ്ങൾക്ക്‌ മീൻ വിൽക്കുന്നയാൾ.
   പ്രസംഗത്തിൽ നിന്നുമുള്ള എന്റെ ശ്രദ്ധ പാടെ ഉമ്മർക്കയിലേക്കുമാറി, അദ്ദേഹം ഓരോരോ ഇരകളെയായി കൊത്തിക്കോണ്ടുവരുന്നതും, അവരെ ശാസിച്ചും, കളിപറഞ്ഞും മീൻവാങ്ങിപ്പിക്കുന്നതും ഞാൻ ജീവിതത്തിലാദ്യമായി കാണുന്നതുപോലെ നോക്കിനിന്നു. ഒരിക്കൽ പോലും മന്ത്രിയുടെ നേരെ നോക്കാൻ പോലും ഉമ്മർക്ക തയ്യാറയിരുന്നില്ല, "ഞമ്മളിതെത്ര കണ്ടതാ"ണെന്ന ഭാവം. മന്ത്രിയുടെ പ്രസംഗവും ഉമ്മാർക്കായുടെ മീൻ ബക്കറ്റ്‌ കാലിയായതും ഏതാണ്ടൊരേ സമയത്തായിരുന്നു.
   തിരിച്ചുനടക്കുമ്പോൾ ഞാൻ വല്ലാതെ ആവേശത്തിലായിരുന്നു, അധികാരത്തിന്റെ ഉന്നതിയിലിരിക്കുന്ന മന്ത്രിയും, തോട്ടടുത്ത്‌ മീൻവിൽക്കുന്ന സാധാരണക്കാരനും, ആരും ആരെയും ശല്യപ്പെടുത്താതെ അവരവരുടെ ജോലിചൈത്‌ മടങ്ങുന്നു. മറ്റേതെങ്കിലും രാജ്യത്തായിരുന്നു ഈ സംഭവമെങ്കിൽ, ഉമ്മർക്കയെ ദൂരേക്കുമാറ്റിനിർത്താൻ അധികാരവർഗ്ഗത്തിന്റെ പിണിയാളുകളും, സെക്ക്യൂരിറ്റി ഉദ്യോഗസ്ഥരും ശ്രമിക്കില്ലേ എന്നൊരു സംശയം ഒരുനിമിഷം എന്നിൽ ഉണർന്നു. ഉന്നതമായ ജനാധിപത്യത്തിന്റെ മൂല്യം മന്ത്രിയും ഉമ്മർക്കയും ഒരുമിച്ചുൾക്കോള്ളുന്നതിനാൽ ഇവിടെ അത്തരത്തിലുള്ള യാതൊരു പ്രശ്നങ്ങളും ഉണ്ടായില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, അഴിമതിക്കറപുരണ്ട നേതാക്കൻ മാർ അധികാരക്കസേര വിടാൻ മടിച്ചുനിന്നാലും ഊരള്ളൂരിലെ ഈ പാരസ്പര്യം ജനാധിപത്യ ഭാരതത്തിന്റെ യഥാർത്ഥ പരിഛേദമാണ്.